സ്വിസ് പ്രസിഡന്‍റ് ജൊഹാൻ ഷ്നീദർ അമ്മനുമായി അര മണിക്കൂർ നീണ്ടു നിന്ന പ്രത്യേക കൂടിക്കാഴ്ചയിലും പിന്നീട് നടന്ന പ്രതിനിധിതല ചർച്ചയിലുമാണ് ആണവവിതരണ ഗ്രൂപ്പ്, എൻഎസ്ജി അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ കിട്ടിയത്.
മുമ്പ് ഇന്ത്യയുടെ ആവശ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കാത്ത സ്വിറ്റ്സർലന്റ് ഇത്തവണ ഉപാധികളൊന്നും നിർദ്ദേശിച്ചില്ല. കള്ളപ്പണക്കാരെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നതിൽ സ്വിസ് ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്ന് മോദി കൂടിക്കാഴചയിൽ പറഞ്ഞു. നിക്ഷേപകരെകുറിച്ചുള്ള വിവരം അപ്പോൾ തന്നെ ഇന്ത്യയ്ക്കു കിട്ടുന്നതിനുള്ള സംവിധാനം കൊണ്ടുവരാനുള്ള ചർച്ചകൾ വേഗത്തിലാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
നിക്ഷേപം നടത്താൻ തീർത്തും അനുകൂലമായി സാഹചര്യമാണ് ഇന്ത്യയിലെന്ന് നരേന്ദ്ര മോദി വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. കണികാപരീക്ഷണവുമായി സഹകരിക്കുന്ന ഇന്ത്യൻ ഗവേഷകരെയും പ്രധാനമന്ത്രി കണ്ടു.
48 അംഗ എൻസ്ജിയിലെ അംഗത്വത്തിന് സ്വിറ്റ്സർലന്റിന്‍റെ പിന്തുണ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. ഇന്ത്യ നല്‍കിയ അപേക്ഷ വ്യാഴാഴ്ച തുടങ്ങുന്ന എൻഎസ്ജി യോഗം പരിഗണിക്കുന്നുണ്ട്. അമേരിക്ക ഇന്ത്യയ്ക്കായി എൻഎസ്ജിയിൽ വാദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശനത്തിനു ശേഷം മെക്സിക്കോയിൽ പ്രധാനമന്ത്രി എത്തുന്നതും ഈ ലക്ഷ്യത്തോടെയാണ്.
