മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാര്‍വിന്‍ തിയറിയുമൊക്കെ അടുത്തിടെ വിവിാദത്തിന് വഴിയൊരുക്കിയിരുന്നു. കത്വ ബലാത്സംഗത്തിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

ദില്ലി: വിവാദ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങൾക്കു മസാലകൾ നൽകി നമ്മൾ തെറ്റുകൾ ചെയ്യുന്നു. ക്യാമറ കാണുമ്പോൾ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ പാതിവെന്ത കാര്യങ്ങള്‍ പലരും വിളിച്ചുപറയുന്നു. ഇതു പിന്നീടു മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം വിവാദ പ്രസ്താവനകള്‍ അത് നടത്തുന്ന വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെയും പ്രതിച്ഛായ കെടുത്തുമെന്ന് ബിജെപി നേതാക്കളുമായി മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോദി പറഞ്ഞു. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.

മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാര്‍വിന്‍ തിയറിയുമൊക്കെ അടുത്തിടെ വിവിാദത്തിന് വഴിയൊരുക്കിയിരുന്നു. കത്വ ബലാത്സംഗത്തിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നതിന് വലിയ പ്രചാരണം നല്‍കേണ്ടെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വര്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎൽഎ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട എംഎൽഎ കുൽദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റർനെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് പോലുള്ള സംഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു ബിപ്ലബിന്റെ കണ്ടെത്തൽ.

സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താൻ പാർട്ടി നേതാക്കൾ കൂടുതൽ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു. ജനങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പാർട്ടിക്കു പുതിയ ഊർജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി ഗ്രാമ പ്രദേശങ്ങളുടെ വികസനം, കർഷക ക്ഷേമം തുടങ്ങിയ വിഷയങ്ങളും പാർട്ടിയുടെ എംപിമാരും എംഎൽഎമാരുമായി പങ്കുവച്ചു.