നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ തൊട്ടേ അദ്ദേഹത്തിന്റ ഊര്‍ജ്ജസ്വലത ചര്‍ച്ചയായിരുന്നു. പതിനാറു മുതല്‍ പതിനെട്ട് മണിക്കൂര്‍ വരെ വിശ്രമമില്ലാതെ മോദി ജോലി ചെയ്യുന്നതായും വാര്‍ത്തകള്‍ വന്നു. യോഗയും ആരോഗ്യപരമായ ഡയറ്റുമാണ് അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയ്‍ക്കു കാരണമെന്നാണ് പറഞ്ഞിരുന്നത്.  എന്നാല്‍ കൂണ്‍ കഴിക്കുന്നതുമാണ് മോദിയുടെ ആരോഗ്യത്തിനു പിന്നിലെ രഹസ്യം എന്നത് എത്രപേര്‍ക്ക് അറിയാം. ഹിമാചല്‍ പ്രദേശില്‍ വളരുന്ന പ്രത്യേകതരം കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് മോദിയുടെ ആരോഗ്യത്തിന് പിന്നിലെന്നാണ് ഡെയ്‍ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിമാചലില്‍ കണ്ടുവരുന്ന കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് മോദിയുടെ ആരോഗ്യക്ഷമത നിലനിര്‍ത്തുന്നത്. കിലോഗ്രാമിന് 30,000 രൂപയാണ് ഈ കൂണിന് വില. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലംതൊട്ടേ മോദി ഈ കൂണ്‍ ശീലമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് - ഡെയ്‍ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് ഈ കൂണുകള്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കൂണുകള്‍ സംഭരിക്കുന്നത്. ഇത് ഉണക്കിയാണ് വില്‍പ്പനയ്ക്ക് നല്‍കുന്നത്- ഡെയ്‍ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.