കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍നിന്ന് മെട്രോമാന്‍ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയയ്‌ക്കുകയും, ഇ ശ്രീധരനെ ചടങ്ങില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഇപ്പോഴിതാ, ശ്രീധരനെ ആദ്യം ഒഴിവാക്കിയതിന് പിന്നിലെ കാരണം പുറത്തുവരുന്നു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ശ്രീധരനെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 17ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശ്രീധരന്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ മെട്രോ ഉദ്ഘാടനത്തില്‍, പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായും ശ്രീധരന്‍ വേദി പങ്കിടുന്നത് അനൗചിത്യമാകുമെന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശ്രീധരനെ ബോധ്യപ്പെടുത്തിയശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേരളം നല്‍കിയ മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക ചുരുക്കിയത്. ഇതേക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനാലാണ് ഒഴിവാക്കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി, ഇ ശ്രീധരന്‍ രംഗത്തു വരാതിരുന്നതെന്നും പറയപ്പെടുന്നു. ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് ഇ ശ്രീധരന്‍. നേരത്തെ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ്, കേന്ദ്ര റെയില്‍വേ മന്ത്രിയായി ഇ ശ്രീധരന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപിയോട് അയിത്തമില്ല എന്നാണ് അത്തരം വാര്‍ത്തകളോട് അന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചത്.