ഉത്തർപ്രദേശിലെ ഗോരഖ്‍പൂരിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗോരഖ്‍പൂരിൽ: കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗോരഖ്‍പൂരിലാണ് ഉദ്ഘാടനം നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
2 ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ എത്തിക്കുന്നത്. ആദ്യ ഇൻസ്റ്റാൾമെന്‍റായ രണ്ടായിരം രൂപ ഏതാണ്ട് ഒരു കോടി കർഷകർക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്‍പൂരിൽ നടക്കുന്ന കിസാൻ സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ചില വികസനപദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം മോദി പ്രയാഗ് രാജിലേക്ക് പോകും.
കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം വൈകിട്ട് 4.40-ഓടെ മോദി ദില്ലിക്ക് തിരിക്കും.
കിസാൻ സമ്മാൻ നിധിയ്ക്ക് കേരളത്തിലും നല്ല പ്രതികരണമായിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേരാണ്. അപേക്ഷ സ്വീകരിക്കാൻ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല.
ആറായിരം രൂപ മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പണം ലഭിക്കുക. ആദ്യ ഗഡു ലഭിക്കാൻ മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കണം.
