ദില്ലി: ജമ്മു കശ്മീര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. താഴ്‌വരയിലെ നിലവിലെ അവസ്ഥയില്‍ മോഡി ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ വധിച്ചതില്‍ പ്രതിഷേധിച്ചു നടക്കുന്ന പ്രക്ഷോഭത്തില്‍ നിരപരാധികള്‍ക്ക് മേല്‍ നടപടി ഉണ്ടാകുന്നില്ലെന്നും മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു. അമര്‍നാഥ് യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞതില്‍ മോഡി സംതൃപ്തി രേഖപ്പെടുത്തി. 

ബുര്‍ഹാന്‍ വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നാലു ദിവസമായി കശ്മീര്‍ പുകയുകയാണ്. വിഘടനവാദികള്‍ പ്രഖ്യാപിച്ച ബന്ദും സൈന്യത്തിന്റെ നിരോധനാജ്ഞയും മൂലം ജനജീവിതം സ്തംഭിച്ചു. അമര്‍നാഥ് തീര്‍ത്ഥയാത്ര തുടര്‍ച്ചയായി രണ്ടു ദിവസം തടസ്സപ്പെട്ടു. സംഘര്‍ഷങ്ങളില്‍ 32 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

മോഡി ആഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ദില്ലിയില്‍ എത്തിയ ശേഷമാണ് ഉന്നതതല യോഗം ചേര്‍ന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. 

കാശ്മീര്‍ സംഘര്‍ഷത്തിന്‍റെ പാശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തന്‍റെ അമേരിക്കന്‍ പാര്യടനം മാറ്റിവച്ചിരുന്നു. അതേ സമയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ ആശങ്ക അറിയിച്ചു. കാശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.