ദില്ലി: പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തേടി. അര്‍ദ്ധസൈനിക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി സിആര്‍പിഎഫ് ജവാന്റെ വീഡിയോയും പുറത്തുവന്നു. ഗുണനിലവാരമുള്ള ഭക്ഷണം എല്ലാ സൈനിക പോസ്റ്റുകളിലും എത്തിക്കാന്‍ നടപടിയെടുത്തതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
കരിഞ്ഞ റൊട്ടിയും മഞ്ഞള്‍പ്പൊടി കലക്കിയ പരിപ്പുകറിയും കഴിച്ച് ദിവസങ്ങളോളം കഴിയേണ്ടിവരുന്ന ജവാന്മാരുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ച ബിഎസ്‌എഫ് ജവാന്‍ തേജ്ബഹദൂറിനെ പ്ലംബറുടെ ജോലിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പരിശോധിച്ച് വരികയാണ്. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സേവനമനുഷ്ഠിക്കുന്ന ഉത്തര്‍പ്രദേശ് മഥുര സ്വദേശി ജീത്ത് സിംഗിന്റെ പരാതിയും പുറത്തുവന്നു. സൈനികര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ തഴയുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് സിആര്‍പിഎഫ് ജവാന്റെ ആരോപണം. വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങളും, വൈദ്യസഹായങ്ങളും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും ജവാന്‍ ആരോപിക്കുന്നു..
അടുക്കളപ്പണിക്കാരുടേതിന് തുല്യമായ അവസ്ഥയാണെന്നായിരുന്നു ലാന്‍സ് നായിക് യഗ്യ പ്രതാപ് സിംഗിന്റെ പരാതി. ഭക്ഷസുരക്ഷാ തോറിറ്റി പരിശോധിച്ച് ഉറപ്പാക്കിയ കോഴിക്കറി മുഴുവന്‍ സൈനിക പോസ്റ്റുകളിലും എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ബിഹാറിലെ ഔറംഗാബാദില്‍ സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ മരിച്ചു. അവധി അനുവദിക്കുന്നതിനെച്ചൊല്ലിയുടെ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മിരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ സെപ്റ്റംബര്‍ 29ന് അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്ന മഹാരാഷ്ട്ര സ്വദേശിയായ ജവാന്‍ ചന്ദു ചവാനെ കൈമാറാന്‍ പാകിസ്ഥാന്‍ സമ്മതമറിയിച്ചതായി കേന്ദ്ര പ്രതിരോധ സഹമാണ് സുഭാഷ് ഭാംറെ പറഞ്ഞു.
pm modi seeks explanation jawan food issue
