അഹമ്മദാബാദ്: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡാം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 1961 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വ്വഹിക്കുന്നത്. 

മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17-നാണ് ഉദ്ഘാടനം നടക്കുക. 56 വര്‍ങ്ങള്‍ക്ക് ശേഷമാണ് ഡാം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്. ജന്മദിനത്തിന് മോദിക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നും വരള്‍ച്ച ബാധിത പ്രദേശത്തേക്ക് ജലമെത്തിക്കാനുള്ള മോദി മുഖ്യമന്ത്രിയാ കലത്തെ പ്രയത്‌നത്തിന്റെ ബാക്കിപത്രമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയക്കാന്‍ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദ്ദേശിച്ചത്. ഗേറ്റുകള്‍ അടച്ച ശേഷം ഡാമിലെ ജലനിരപ്പ് 138മീറ്ററായി ഉയര്‍ന്നു. സംഭരണശേഷി 1.27 ക്യൂബിക് മീറ്ററില്‍ നിന്ന് 4.73 മില്ല്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിച്ചു.

പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലടക്കം 9000 ഗ്രാമങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.