ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം സാമ്പത്തിക തട്ടിപ്പുകളും നരേന്ദ്ര മോദിയുടെ ഭരണ കാലത്താണ് സംഭവിച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി

പ്രധാനമന്ത്രി പുറത്തുവന്ന് സംസാരിക്കണം. എന്ത് സംഭവിച്ചുവെന്നും എങ്ങനെ സംസാരിച്ചുവെന്നും അദ്ദേഹം പറയണം. നോട്ട് നിരോധിച്ച 2016 നവംബര്‍ എട്ടിന് കൈയ്യിലുള്ള പണമെല്ലാം ബാങ്കില്‍ കൊണ്ടിടാന്‍ മോദി ജനങ്ങളോട് പറഞ്ഞു. എന്നിട്ടിപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ അതെല്ലാം ബാങ്കുകളില്‍ നിന്ന് കൊള്ളയടിക്കുന്നു. സര്‍ക്കാറിലെ ഉന്നതരുടെ സംരക്ഷണമില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ല. പ്രധാനമന്ത്രി തന്റെ നടപടികളിലൂടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തു. ബാങ്കിങ് സംവിധാനത്തെ സംരക്ഷിക്കാന്‍ പ്രധാമന്ത്രിക്ക് എന്താണ് ചെയ്യാനാകുന്നത്? കുട്ടികള്‍ ബോര്‍ഡ് പരീക്ഷയ്‌ക്ക് തയ്യാറാകണമെന്ന് പറയാന്‍ ഒന്നരമണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഒരു വാക്കെങ്കിലും മിണ്ടാന്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.

വിവാദത്തില്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കപി‍ല്‍ സിബലും രംഗത്തെത്തി. രാജ്യം വിട്ട നീരവ് മോദി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്നാണ് കപില്‍ സിബലിന്‍റെ നിലപാട്. ബി.ജെ.പിയുടെ പങ്കാളിയാണ് നിരവ് മോദിയെന്ന് ശിവസേനയും വിമര്‍ശിച്ചു. എന്നാല്‍ അഴിമതിക്ക് ഒത്താശചെയ്ത കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. 2017ല്‍ നടന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫീസിനും കേന്ദ്രധനമന്ത്രാലയത്തിനും വിവരം ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി നടപടിയെടുത്തില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.