ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നതിന്‍റെ തെളിവുകളാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് രാഹുല്‍ ചൂണ്ടികാട്ടി. റഫാൽ കരാർ യാഥാർഥ്യമാകണമെങ്കിൽ അനിൽ അമ്പാനിയുടെ റിലയൻസ് ഡിഫൻസിനെ നിർബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വച്ചെന്ന മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് മോദിയുടെ കള്ളക്കളി തെളിയിക്കുന്നതാണ്
ദില്ലി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം മീഡിയ പാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ അഥവാ ചൗക്കിദാര്‍ എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്‍റെയല്ല അംബാനിയുടെ കാവല്‍ക്കാരന്‍ മാത്രമാണ് മോദിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നതിന്‍റെ തെളിവുകളാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് രാഹുല്‍ ചൂണ്ടികാട്ടി. റഫാൽ കരാർ യാഥാർഥ്യമാകണമെങ്കിൽ അനിൽ അമ്പാനിയുടെ റിലയൻസ് ഡിഫൻസിനെ നിർബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വച്ചെന്ന മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് മോദിയുടെ കള്ളക്കളി തെളിയിക്കുന്നതാണ്.
റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജവയ്ക്കാന്‍ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ തിരക്ക് പിടിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പറന്നത് ആര്‍ക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു. നിര്‍മ്മല സീതാരാമന്‍റെ ഫ്രഞ്ച് യാത്ര തികച്ചും ദുരുദ്ദേശപരവും ദുരൂഹത നിറഞ്ഞതുമാണ്. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുവരുമെന്നും രാഹുല്‍ പ്രത്യാശിച്ചു. കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകള്‍ വലിയ വിഷയമാണെന്ന് പറഞ്ഞ രാഹുല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
