അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം
ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം. ഈ ചരിത്ര നിമിഷം ആദരിക്കുന്നതിനും അമേരിക്കയുടെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്നതിനും അമേരിക്കയുടെയും ഇന്ത്യയുടെയും തന്ത്രപ്രധാന താൽപ്പര്യങ്ങളുടെ ആഴമേറിയ ഒത്തൊരുമ അടിവരയിടുന്നതിനുമായി 'ഫ്രീഡം 250' എന്ന പേരിലാണ് ഈ ആഘോഷങ്ങൾ വിഭാവനം ചെയ്‌തിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്‍റെ ആസ്ഥാനമായ ഐതിഹ്യ പ്രസിദ്ധ റിപ്പൺ ബിൽഡിംഗും, ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വി.ഐ.ടി ചെന്നൈയും അമേരിക്കൻ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടതാണ്. യുഎസ് കോൺസുലേറ്റ് ജനറൽ കെട്ടിടം വലിയ അമേരിക്കൻ പതാകകളും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.
ഈ ആഘോഷ അന്തരീക്ഷത്തിന് മാറ്റ് ചാർത്തിക്കൊണ്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്‍റെയും ഐതിഹ്യ പ്രസിദ്ധ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന രണ്ടായിരത്തോളം ഓട്ടോറിക്ഷകൾ ചെന്നൈയുടനീളം നിരത്തുകളിലോടുന്നു. 'ഫ്രീഡം 250' ആഘോഷം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും യുഎസ്-ഇന്ത്യ ബന്ധത്തിന്‍റെ ശക്തി പ്രതീകപ്പെടുത്തുന്നതിനുമാണ് ഈ ഉദ്യമം.



