1.55-നാണ് പ്രധാനമന്ത്രി കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തുക. കണ്ണൂരിലെ പരിപാടികൾക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയുടെ വിമാനത്തിന് തകരാർ. വിമാനം തിരിച്ചിറക്കി.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം കേരളത്തിലെത്തും. 1.55-നാണ് മധുരൈയിൽ നിന്ന് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുക. എന്നാൽ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് എത്താനാകില്ല. കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ചെയ്യാനാകില്ല.
പന്ത്രണ്ടേമുക്കാലോടെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ വിമാനം പുറപ്പെടാനിരുന്നത്. എന്നാൽ വിമാനത്തിന്‍റെ ബാറ്ററി കേടായതിനാൽ ടേക്ക് ഓഫ് ചെയ്യാനാകില്ലെന്ന് വ്യക്തമായി. യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ശരിയായില്ല. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൌകര്യമൊരുക്കി. നാവികസേനയുടെ വിമാനം തന്നെ അൽപസമയത്തിനകം കണ്ണൂർ വിമാനത്താവളത്തിലെത്തും.
ഇന്ന് രാവിലെ തമിഴ്നാട്ടിലെ മധുരൈയിലെത്തിയ മോദി എയിംസിന് തറക്കല്ലിട്ടിരുന്നു.
രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിൻ റിഫൈനറിയിലെ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ യുവമോർച്ച പരിപാടിയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.
വൈകിട്ട് ആറുമണിയോടെ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ദില്ലിക്ക് തിരിക്കും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയനേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലഭിച്ച മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം.
