മോദിയുടെ താക്കീതിന് പുല്ലുവില പുരാണം ഉദാഹരിച്ച് വീണ്ടും ബിജെപി എംഎല്‍എ മമത ബാനര്‍ജി ശൂര്‍പ്പണഖയെന്ന് വിളിച്ച് യുപി എംഎല്‍എ

ലഖ്നൗ: വിവാദ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത് വിലപ്പോയില്ല, പുരാണം ഉദാഹരിച്ച് വീണ്ടും ബിജെപി നേതാവ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ പരാമര്‍ശവും വിവാദത്തിലേക്ക്. ശൂര്‍പ്പണഖയെപ്പോലെയാണ് മമത ബാനര്‍ജി പെരുമാറുന്നതെന്ന യുപി എംഎല്‍എ സുരേന്ദ്ര സിങിന്‍റെ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയത്.

പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് എംഎല്‍എയുടെ വിമര്‍ശനം വിവാദത്തിലേക്ക് നയിച്ചത്. ''ബംഗാളിലെ ഹിന്ദുകള്‍ സുരക്ഷിതരല്ല, ആക്രമണങ്ങളില്‍ ജനങ്ങള്‍ കൊലപ്പെടുന്നു, എന്നിട്ടും അവിടുത്തെ മുഖ്യമന്ത്രി എതിനെതിരെ എന്താണ് ചെയ്യുന്നത്? ഇത്തരം നേതാക്കള്‍ നാടിന് നല്ലതല്ല. ജമ്മു കശ്മീരിലേതിന് സമാനമായ സ്ഥിതിയാണ് പശ്ചിമബംഗാളിലുള്ളതെന്നും ഹിന്ദുക്കള്‍ക്ക് നാടുവിട്ടുപോകേണ്ട സ്ഥിതിയാണുള്ളത്'' സുരേന്ദ്ര സിങ് പറയുന്നു. 

കോണ്‍ഗ്രസ് രാവണനെപ്പോലെയാണ് പെരുമാറുന്നതെന്നും സുരേന്ദ്ര സിങ് ആരോപിച്ചു. ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിന് ബംഗ്ലാദേശില്‍ നിന്ന് തീവ്രവാദികള്‍ പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടക്കുകയാണ്. ഭാഗ്യത്തിന് നമുക്ക് മോദിജിയെപ്പോലുള്ള ഒരു നേതാവുള്ളതുകൊണ്ട് വിദേശീയമായ എല്ലാറ്റിനെയും ബംഗാളില്‍നിന്ന് പുറത്താക്കാന്‍ അദ്ദേഹത്തിന് കഴിയും- സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസ്താവനകളില്‍നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നല്‍കിയതിനു പിന്നാലെയാണ് സുരേന്ദ്ര സിങിന്‍റെ വിവാദ പരാമര്‍ശം. ''ക്യാമറ കാണുമ്പോൾ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ പാതിവെന്ത കാര്യങ്ങള്‍ പലരും വിളിച്ചുപറയുന്നു. ഇതു പിന്നീടു മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം വിവാദ പ്രസ്താവനകള്‍ അത് നടത്തുന്ന വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെയും പ്രതിച്ഛായ കെടുത്തു''മെന്ന് ബിജെപി നേതാക്കളുമായി മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോദി പറഞ്ഞത്. 

മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാര്‍വിന്‍ തിയറിയുമൊക്കെ അടുത്തിടെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കത്വ ബലാത്സംഗത്തിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നതിന് വലിയ പ്രചാരണം നല്‍കേണ്ടെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വര്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎൽഎ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട എംഎൽഎ കുൽദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റർനെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് പോലുള്ള സംഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു ബിപ്ലബിന്റെ കണ്ടെത്തൽ.