കൊല്‍ക്കത്ത ബാങ്കുര ക്രിസ്റ്റിയന്‍ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മോദിയുടെ ഓട്ടോഗ്രാഫുകൊണ്ട് താരമായത് മോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയതിന് ശേഷം റിതയുടെ ജീവിതം മൊത്തം മാറി

ബാങ്കുര: പത്തൊന്‍പതുകാരി റിതയുടെ ജീവിതം മാറ്റിമറിച്ചത് ഒരു ഓട്ടോഗ്രാഫാണ്. അത് ഒപ്പിട്ട് നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കൊല്‍ക്കത്ത ബാങ്കുര ക്രിസ്റ്റിയന്‍ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മോദിയുടെ ഓട്ടോഗ്രാഫുകൊണ്ട് താരമായത്. മോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയതിന് ശേഷം റിതയുടെ ജീവിതം മൊത്തം മാറി.

ജീവിതത്തില്‍ ട്വിസ്റ്റായ സംഭവം ഇങ്ങനെയാണ്, ജൂലൈ 16 ന് അമ്മയ്‌ക്കൊപ്പം റിതാ മിഡ്‌നാപ്പൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മോദിയുടെ പ്രസംഗം കേള്‍ക്കാനിടയായത്. ഇവര്‍ രണ്ടുപേരും ഇരുന്ന പന്തലാണ് മോദിയുടെ റാലിക്കിടെ തകര്‍ന്നുവീണത്. തുടര്‍ന്ന് ഇവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലായി. പിന്നാലെ പരിക്കേറ്റവരെ നേരില്‍ കാണാന്‍ മോദി ആശുപത്രിയിലെത്തി റിതയോടും സംസാരിച്ചു.

അങ്ങയെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് പറഞ്ഞ താന്‍ മോദിയോട് ഒരു ഓട്ടോഗ്രാഫും ചോദിച്ചു. ഒരു നിമിഷം മടിച്ച അദേഹം തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഇങ്ങനെ കുറിച്ചു. സുഖമായിരിക്കു.. റിതാ..മോദി. പ്രധാനമന്ത്രിക്കൊപ്പം അടുത്ത നിന്ന ആള്‍ നല്‍കിയ പേപ്പറിലാണ് റിതയ്ക്ക് മോഡി ഓട്ടോഗ്രാഫ് നല്‍കിയത്.

 അതിനു പിന്നാലെ സന്ദര്‍ശക പ്രവാഹം ആയിരുന്നു. അതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന ഞങ്ങള്‍ അതിനുശേഷം താരമായി. ഓട്ടോഗ്രാഫ് കാണാനാണ് സന്ദര്‍ശകര്‍ എത്തുന്നത്. അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതാകാം താരമായതിനു പിന്നിലെന്ന് റിത പറയുന്നു. 

സന്ദര്‍ശകര്‍ മാത്രമല്ല, പത്തു ദിവസത്തിനിടെ രണ്ടു കല്യാണാലോചനകളും എത്തിയതായി റിതയുടെ അമ്മ വെളിപ്പെടുത്തി. ജാര്‍ഖണ്ഡില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന ഒരാളാണ് ആദ്യം എത്തിയത്. അവിടേക്ക് തങ്ങളെ ക്ഷണിച്ചതായും ഇവര്‍ പറയുന്നു. മറ്റൊരു ആലോചന ബാങ്കുരയില്‍ നിന്നു തന്നെയാണ്. എന്നാല്‍ തന്റെ രണ്ടു പെണ്‍മക്കളേയും നന്നായി പഠിപ്പിക്കണമെന്നാണ് ആഗ്രഹം അതുകൊണ്ടു തന്നെ വിവാഹാലോചനകളില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നും റിതയുടെ അമ്മ പറയുന്നു.