ദില്ലി: പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ പ്രതിപക്ഷ കക്ഷികളെ ഒപ്പം നിർത്താനുള്ള രാഹുൽഗാന്ധിയുടെ ശ്രമം പാളി. നോട്ട് അസാധുവാക്കൽ എന്തിനായിരുന്നെന്ന് വിശദീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി രാജിവക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു..അതേസമയം കള്ളപ്പണ വേട്ടയുടെ പേരിൽ കേന്ദ്രസർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് മായാവതി ആരോപിച്ചു.

നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പാർലമെന്‍റില്‍ ഒന്നിച്ച് നിന്ന പതിനാറ് പ്രതിപക്ഷ കക്ഷികളിൽ എട്ട് പേർ മാത്രമാണ് സംയുക്തവാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. മമതാ ബാർനജിക്ക് പുറമെ,ഡിഎംകെ,ആർജെഡി,ജെഡിഎസ്,ജെഎംഎം,മുസ്ലിംലീഗ്,എഐയുഡിഎഫ് എന്നീ കക്ഷികളും രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിലുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഹവാല ഡയറിയിൽ പേരു വന്നതിനെത്തുടർന്ന് എൽകെ അദ്വാനി രാജിവച്ച സംഭവം ചൂണ്ടിക്കാട്ടിയ രാഹുൽ അഴിമതി ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും രാജിവയ്ക്കണനമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാഹുലിന്റെ ആരോപണം ഏറ്റെടുക്കാത്ത മമതാ ബാനർജി ജനദുരിതം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്..

റെയിഡുകൾ വ്യാപകമായപ്പോഴാണ് പ്രതിപക്ഷം ഒന്നിച്ചിറങ്ങിയതെന്നും,സ്വിസ്സ് ബാങ്കിൽ അക്കൗണ്ടുള്ളവരെ സഹായിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ബിഎസ്പിയുടെ അക്കൗണ്ടിൽ 104 കോടിരൂപ നിക്ഷേപം ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെതിരെ ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി.. ജനങ്ങളിൽ നിന്നും പിരിച്ച പണമാണ് അക്കൗണ്ടിൽ ഇട്ടതെന്ന് വ്യക്തമാക്കിയ മായാവതി ഇത് ദളിതർക്ക് എതിരെയുള്ള നീക്കമാണെന്ന് ആരോപിച്ചു.