പേരു വിളിച്ച് പ്രധാനമന്ത്രി ആ ചോദ്യം ചോദിച്ചപ്പോള്‍ തമിഴ്നാട്ടുകാരിയായ ആ വീട്ടമ്മ ഞെട്ടി

ദില്ലി: പേരു വിളിച്ച് പ്രധാനമന്ത്രി ആ ചോദ്യം ചോദിച്ചപ്പോള്‍ തമിഴ്നാട്ടുകാരിയായ ആ വീട്ടമ്മ ഞെട്ടി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാരുമായി നമോ മൊബൈല്‍ ആപ്പ് വഴി നടത്തിയ സംവാദത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ചോദ്യം വീട്ടമ്മയെ ഞെട്ടിച്ചത്.

ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. നേരത്തെ താന്‍ വിറകടുപ്പിലാണ് പാചകം ചെയ്തിരുന്നതെന്നും ഇപ്പോള്‍ പാചകം എളുപ്പമായെന്നും രുദ്രമ്മ പ്രധാനമന്ത്രിയോട് പറഞ്ഞു. സിലിണ്ടര്‍ കിട്ടുന്നതിന് മുന്‍പ് ദോശയും ഇഡലിയും പാചകം ചെയ്യുമായിരുന്നോ എന്നായി പ്രധാനമന്ത്രി.

Scroll to load tweet…

 നേരത്തെ നല്ല ബുദ്ധിമുട്ടായിരുന്നു, ഇപ്പോള്‍ എല്ലാം പാചകം ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് രുദ്രമ്മ പറഞ്ഞു. ഇതിന് ശേഷമാണ് തമിഴ്‌നാട്ടില്‍ വരുമ്പോള്‍ തനിക്ക് ദോശയുണ്ടാക്കി തരാമോ എന്ന് പ്രധാനമന്ത്രി ചോദിച്ചത്. ഇതിന് മറുപടിയായി ഉണ്ടാക്കി തരാമെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. 

പരിഭാഷകന്‍റെ സഹായത്തോടെയായിരുന്നു സംവാദം. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 10 കോടി പുതിയ എല്‍.പി.ജി കണക്ഷനുകള്‍ നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. 2014 വരെ 13 കോടി ആളുകള്‍ക്ക് മാത്രമാണ് എല്‍.പി.ജി കണക്ഷന്‍ ഉണ്ടായിരുന്നത്. തന്‍റെ മാതാവ് പുകയടുപ്പിന് മുന്നിലിരുന്ന് സഹിച്ച കഷ്ടപ്പാടുകളാണ് ഉജ്വല്‍ യോജന എന്ന പദ്ധതി നടപ്പിലാക്കാന്‍ കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.