ദില്ലി: അവിശ്വാസപ്രമേയ വോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നതിനിടെ നടത്തിയ ഒരു പരാമര്‍ശം സഭയില്‍ ചിരി പടര്‍ത്തി.

മോദി സര്‍ക്കാരിന്രെ അഴിമതികളെക്കുറിച്ച് പറയുന്നതിനിടെ രാഹുല്‍ പറഞ്ഞു. ഞാന്‍ പറയുന്നത് കേട്ട് പ്രധാനമന്ത്രി, താങ്കള്‍  ചിരിക്കുന്നത് എനിക്ക് കാണാം. എന്നാല്‍ ആ ചിരിയില്‍ ഒരു പരിഭ്രമുണ്ടെന്നും എനിക്കറിയാം. അദ്ദേഹത്തിനിപ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കാനാവുന്നില്ല. ഇതുകേട്ട് പ്രധാനമന്ത്രിയും മനസറിഞ്ഞ് ചിരിച്ചു.

എന്നാല്‍ ഈ വാചകം ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ അത് ശരിയായി ഉച്ഛരിക്കാന്‍ ഹാരുലിന് കഴിയാഞ്ഞത് സഭയിലാകെ ചെറിയ ചിരി പടര്‍ത്തുകയും ചെയ്തു.

രാഹുല്‍ പ്രസംഗിക്കുമ്പോള്‍ സാകൂതം കേട്ടിരുന്ന പ്രധാനമന്ത്രി ചെറുചിരിയോടെയാണ് ഭൂരിഭാഗം സമയവും സഭയിലിരുന്നത്. രാഹുലിന്റെ പ്രസംഗത്തിന്റെ അവസാനം അദ്ദേഹം ആലിംഗനം ചെയ്യാനായി അടുത്തെത്തിയപ്പോള്‍ അപ്രതീക്ഷിത നീക്കത്തില്‍ ചെറുതായൊന്ന് പതറിയെങ്കിലും രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം ചെയ്ത് പുറത്തുതട്ടി അഭിന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.