ദില്ലി: ജനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സര്‍ക്കാരുകളില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഇന്ത്യയിലെ നാല് പേരില്‍ മൂന്ന് പേര്‍ മോദി സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. ഓരോ രാജ്യത്തുനിന്നും 1000 പേരെ ഉള്‍പ്പെടുത്തി ഗാലപ്പ് വേള്‍ഡ് പോള്‍ ആണ് സര്‍വ്വെ നടത്തിയത്. സര്‍ക്കാരില്‍ വിശ്വാസമുണ്ടോ എന്നാണ് ഓരോരുത്തരോടും സര്‍വ്വെ ചോദിച്ചത്. 

രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ, രാഷ്ട്രീയ സാഹചര്യങ്ങള്‍, വാര്‍ത്തകളില്‍ ചര്‍ച്ചയായ അഴിമതികേസുകള്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. അഴിമതി തുടച്ച് നീക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളും നികുതി പരിഷ്കരണ പദ്ധതിയും രാജ്യത്തെ ജനങ്ങളെ സര്‍ർക്കാരില്‍ കൂടുതല്‍ വിശ്വാസ്യതയുള്ളവരാക്കിയെന്നും സര്‍വ്വെ.

സര്‍വ്വെയില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ സ്വന്തമാക്കിയ രാജ്യങ്ങള്‍ യഥാക്രമം; സ്വിറ്റ്സര്‍ലാന്‍റ്, ഇന്തോനേഷ്യ, ഇന്ത്യ, ലക്സംബര്‍ഗ്, നോര്‍വ്വെ, കാനഡ, തുര്‍ക്കി, ന്യൂസിലാന്‍റ്, അയര്‍ലന്‍റ്, നെതര്‍ലന്‍റ്, ജെര്‍മ്മനി, ഫിന്‍ലന്‍റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ

കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിംഗില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയത് രാജ്യത്ത് ഉത്പ്പാദനക്ഷമത കൂട്ടുവാന്‍ ഇടയാക്കുമെന്നാണ് മൂഡീസിന്‍റെ വിലയിരുത്തല്‍. റേറ്റിംഗിലെ അവസാന സ്ഥാനമായ ബിഎഎ3യില്‍ നിന്ന് ബിഎഎ 2വിലേക്കാണ് ഇന്ത്യക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. മൂഡീസ് റേറ്റിംഗില്‍ ഇറ്റലി, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. .