അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. രണ്ട് ലക്ഷം രൂപ വിലയുള്ള സ്യൂട്ട് ധരിച്ച് ചര്‍ക്ക പിടിച്ചാല്‍ മോദി, ഗാന്ധിയാവില്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രിയുടെ ചിത്രം വെച്ചതിനെ പരാമര്‍ശിച്ചായിരുന്നു ഹര്‍ദ്ദിക്കിന്റെ പരാമര്‍ശം.
രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ സൂറത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും ഉദയ്പൂരിലെ ആറു മാസത്തെ നാടു കടത്തലിനും ശേഷം ഇന്നാണ് ഹര്‍ദിക് സംസ്ഥാനത്ത് തിരിച്ചെത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയുടെ തോല്‍വിയാണ് പട്ടേല്‍ വിഭാഗക്കാരുടെ പ്രഥമ ലക്ഷ്യമെന്ന് ഹര്‍ദ്ദിക് പറഞ്ഞു.
തനിക്കെതിരെ ചുമത്തുന്ന കേസുകള്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ ഹര്‍ദ്ദീക് പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ ബിജെപിക്കെതിരെ രംഗത്തിറങ്ങും. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും ഹര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കി. ഗുജറാത്തില്‍ ബിജെപിക്കെതിരെ സംയുക്ത പ്രചരണത്തിന് ഇറങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ഹര്‍ദിക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
2015ല്‍ പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഹര്‍ദിക് പട്ടേല്‍ അറസ്റ്റിലായത്. അന്ന് 12 പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യദ്രോഹം ചുമത്തപ്പെട്ട് ഏഴ് മാസം ജയിലില്‍ കഴിഞ്ഞ ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ജൂലൈ പതിനഞ്ചിനാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ആറ് മാസം ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ആയിരുന്നു ജാമ്യം.
