രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാര്‍ലമെന്റിലെത്തി. ഇപ്പോള്‍ രാജ്യ സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കുകയാണ്. പണം പിന്‍വലിക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവാമെങ്കിലും ഇതിന് പ്രധാനമന്ത്രി മറുപടി പറയേണ്ടെന്ന നിലപാടാണ് ഭരണ പക്ഷം സ്വീകരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ദിവസങ്ങളായി സഭാ നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പ്രധാനമന്ത്രി സഭയിലെത്തിയത്. ചര്‍ച്ച നടക്കുന്ന മുഴുവന്‍ സമയവും പ്രധാനമന്ത്രി സഭയില്‍ തന്നെ ഉണ്ടാവണമെന്നും പറയാനുള്ളത് മുഴുവന്‍ അദ്ദേഹം കേള്‍ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ നിബന്ധന അംഗീകരിക്കുമെങ്കില്‍ ചര്‍ച്ച ആവാമെന്ന നിലപാടാണ് പ്രതിപ്ഷം സ്വീകരിച്ചത്. ഇതിനോട് പ്രതികരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, പ്രധനമന്ത്രി സഭിയില്‍ എത്തിയെന്നും ഇനി ചര്‍ച്ചയ്ക്ക് അനുവാദം നല്‍കേണ്ടത് പ്രതിപക്ഷമാണെന്നും പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ച ആരംഭിച്ചപ്പോള്‍ ആദ്യം സംസാരിച്ചത് ഗുലാം നബി ആസാദാണ്. ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചര്‍ച്ചയില്‍ പങ്കെടുത്തു.. ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നെങ്കിലും അത് നടപ്പാക്കിയതില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടായെന്ന് മന്‍മോഹന്‍ സിങ് ആരോപിച്ചു.