രാജ്യത്ത് വലിയ നോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസമാണ് മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടത്. ഇന്നലെ ജപ്പാനിലെ വ്യാപാരി സമൂഹത്തെയാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസും ജപ്പാന്‍ പ്രാധാനമന്ത്രി ഷിന്‍സോ ആബെയ്ക്കൊപ്പം പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ മുംബൈ-അഹ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് നടപ്പാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം. സൈനികേതര ആവശ്യങ്ങള്‍ക്കുള്ള ആണവ കരാറാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് സാധ്യമായ ഏറ്റവു വലിയ നേട്ടം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്ക്കാത്ത ഒരു രാജ്യവുമായി ആദ്യമായാണ് ജപ്പാന്‍ ഇത്തരമൊരു കരാറില്‍ ഒപ്പുവെയ്ക്കുന്നത്.

അതേ സമയം നോട്ടുകളുടെ പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്ര പ്രതിപക്ഷത്തിന്റെയടക്കം കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെ കഴിഞ്ഞ ദിവസം നിര്‍ണ്ണായകമായ തീരുമാനത്തില്‍ സര്‍ക്കാറിന് ഒപ്പം നില്‍ക്കുന്ന ജനങ്ങളെ സല്യൂട്ട് ചെയ്യുന്നതായി ടോകിയോയില്‍വെച്ച് അദ്ദേഹം പറഞ്ഞിരുന്നു.