ദില്ലി: അസാധുനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരിക്കുമെന്നും നിരാശാവാദികൾക്കു തന്റെ കൈയ്യിൽ മരുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധനയ്ക്കായി രാജ്യം കാത്തിരിക്കുന്നു. അസാധു നോട്ട് നിക്ഷേപിക്കാനുളള സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ നികുതി പലിശ നിരക്കുകളിൽ മാറ്റം വരുമോ എന്നതാണ് ആദ്യത്തെ ചോദ്യം. പലിശ നിരക്കുകൾ കുറയ്ക്കുന്നത് ആലോചിക്കാൻ ബാങ്ക് മേധാവികൾ നാളെ യോഗം ചേരും. 

പുതിയ തീരുമാനങ്ങൾ വരും എന്ന സൂചന ഇന്ന് ഡിജിധൻ മേള ഉത്ഘാടനം ചെയ്ത പ്രധാനമന്ത്രി നല്കി. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവർക്കു വേണ്ടിയാകും എന്നു പറഞ്ഞ മോദി 86 ശതമാനം പണം പിൻവലിച്ചാലും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് ഇന്ത്യ തെളിയിച്ചു എന്ന് വ്യക്തമാക്കി.

ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണത്തിന്റെ കാര്യത്തിൽ ധനമന്ത്രാലയ തീരുമാനം നാളെ ഉണ്ടാവും. 60 ലക്ഷം അക്കൗണ്ടുകളിലായി 7 ലക്ഷം കോടി രൂപയുടെ അസാധു നോട്ട് തിരിച്ചെത്തിയെന്ന കണക്ക് നേരത്തെ പുറത്തു വന്നിരുന്നു. ഇതിൽ വെറും 1.14 ലക്ഷം അക്കൗണ്ടുകളിലാണ് നാലു ലക്ഷം കോടി രൂപയിട്ടത്. വലിയ തുക ഉപയോഗിച്ചുള്ള ഈ നിക്ഷേപം കള്ളപ്പണമാകാമെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.

നാളത്തെ അഭിസംബോധനയ്ക്കു ശേഷം അടുത്ത പത്തു ദിവസത്തിൽ 5 സംസ്ഥാനങ്ങളിലെത്തി നോട്ട് അസാധുവാക്കൽ ശക്തമായി ന്യായീകരിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. വിവിധ തലസ്ഥാനങ്ങളിൽ എത്താൻ കേന്ദ്ര മന്ത്രിമാർക്കും നിർദ്ദേശമുണ്ട്.