ഗാന്ധിനഗര്‍: നവംബർ എട്ടിനു ശേഷം പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തു വരുമെന്ന പേടി കൊണ്ട് തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും മോദി ഗുജറാത്തിൽ പറഞ്ഞു. ജനുവരി ഒന്നു മുതൽ പണം ബാങ്കിലിട്ട നികുതി വെട്ടിപ്പുകാർക്കെതിരെ വൻ നീക്കത്തിന് തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ ആദായനികുതി വകുപ്പിന് നിർദ്ദേശം നല്കി.

50 രൂപയുടെയും 100 രൂപയുടെയും വില കൂടിയ പോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയിരിക്കുകയാണെന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ ദീസയിൽ നടന്ന പൊതു യോഗത്തിൽ പറഞ്ഞു. 50 ദിവസം ഇപ്പോഴത്തെ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും അതിനു ശേഷം മെല്ലെ ഇത് അവസാനിക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരും എന്നതു കൊണ്ടാണ് തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തതെന്നും മോദി ആരോപിച്ചു

മൂന്നു ദിവസം തുടർച്ചയായി ബാങ്കുകൾ അവധിയായതോടെ രാജ്യത്ത് കറൻസി ക്ഷാമം രൂക്ഷമാണ്. ദേശീയ തലത്തിൽ 30 ശതമാനം ഏടിഎമ്മുകളിൽ മാത്രമാണ് പണം നിറച്ചത്. ഇതിനിടെ ജനുവരി ഒന്നു മുതൽ അക്കൗണ്ടുകളിലേക്ക് വന്ന കള്ളപ്പണത്തിനെതിരെ വൻ നീക്കത്തിന് തയ്യാറെടുക്കാൻ കേന്ദ്രം ആദായ നികുതി വകുപ്പിന് നിർദ്ദേശം നല്കി. 
രണ്ടരലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കണമെന്നാണ് നിർദ്ദേശം. ഇതേ തുടർന്ന് ജീവനക്കാരുടെ സംഘടനകൾ വകുപ്പിന് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.