തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്‍റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനമന്ത്രി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സ്ഥലം എം എൽ എയെയും മേയറെയും ഒഴിവാക്കി ബി ജെ പി നേതാക്കളെ ഉൾപ്പെടുത്തിയത് വിവാദമായി.

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമർപ്പിക്കുന്നത്. ഏത് സർക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എൽ എമാരെ ചടങ്ങിൽ നിന്നുമ ഒഴിവാക്കിയതും ചർച്ചയായി. ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എം എൽ എ എം നൗഷാദിനെയും ചവറയിലെ വിജയൻപിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു. രാത്രിയോടെ വിജയൻപിള്ളയെ ഉൾപ്പെടുത്തി. അതേസമയം, നേമത്തെ എം എൽ എ ഒ രാജഗോപാലിനെയും ബി ജെ പി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കൊടുത്ത പട്ടിക ദില്ലയിൽ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം.

നാലരക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരക്ക് കൻറോൺമെന്റ് ഗ്രൗണ്ടിൽ ബി ജെ പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ട് പ്രസംഗങ്ങളിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിൽ മോദി എന്ത് പറയുമെന്നതിൽ ആകാംക്ഷയുണ്ട്. മോദിയുടെ സമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചാരണത്തിന്‍റെ തുടക്കമാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം.