പട്ന: രാജ്യത്ത് ദുരന്തങ്ങൾ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. നരേന്ദ്ര മോദി അശുഭ സമയത്ത് സത്യപ്രതിജ്ഞ ചെയ്തതുകൊണ്ടാണ് രാജ്യത്ത് അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ലാലു പറഞ്ഞു. എന്നാല്‍ ഏതൊക്കെ ദുരന്തങ്ങളാണെന്ന് വ്യക്തമാക്കാന്‍ ലാലു തയാറായില്ല.
മോദിയെ ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ ലാലു ആദർശ് ഗ്രാമ പദ്ധതിക്ക് സംഭവിച്ചതെന്താണെന്നു ചോദിച്ചു.ധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിൽ മോദി പരാജയപ്പെട്ടുവെന്നും പറഞ്ഞു.
സംസ്ഥാനം കടുത്ത വരൾച്ച നേരിടുന്നതിനാൽ ജലം ലഭ്യമാകുന്നതുവരെ യാഗങ്ങളും മറ്റും മാറ്റിവയ്ക്കണം. ഇവ നടത്തുന്നതുമൂലം തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വീടുകളിൽ തീപിടുത്തം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ജലദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിൽ ഓരോ ഗ്രാമങ്ങളിലും നാലോ, ആറോ കിണറുകള്‍ കുഴിക്കും. ഇതിനുള്ള സഹായം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും ലാലു പ്രസാദ് പറഞ്ഞു.
