ദില്ലി:കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തുന്ന പ്രധാനമന്ത്രി തനിക്ക് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്വീകരണങ്ങളൊന്നും ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെ അറിയിച്ചതാണിത്. അപകടസ്ഥലം ഉടന്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തെത്തുറിച്ച്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ഡ സംസാരിച്ചുവെന്നും ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്റ്റര്‍ സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടം അഗാധ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈകിട്ട് നാലു മണിയോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയും രാഹുലിനൊപ്പമുണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.