നോട്ട് അസാധുവാക്കലിന്റെ തുടർനടപടികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. എല്ലാ വസ്തു ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ച് ബിമാനി ഇടപാടുകൾ തടയാനുള്ള നീക്കം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. അതി ദരിദ്രവിഭാഗങ്ങൾക്ക് നേരിട്ട് പണം എത്തിക്കുന്നതിനുള്ള പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

2016നു പ്രധാനമന്ത്രിയുടെ അഭിസംബോധനയോടെ അവസാനമാകുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് എന്താണെന്ന് മുതിർന്ന മന്ത്രിമാർക്ക് പോലും വ്യക്തതതയില്ല. ദൂരദർശന്റെ സാങ്കേതിക വിഭാഗം രാവിലെ എട്ടുമണിക്ക് തന്നെ അഭിസംബോധനയുടെ തയ്യാറെടുപ്പിനായി പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. അഭിസംബോധനയുടെ സമയം ഔദ്യോഗിക അറിയിപ്പിന് പകരം ബിജെപി ട്വിറ്ററിലൂടെയാണ് നല്കിയത്. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവർക്ക് വേണ്ടിയാകും എന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നല്കിയത്.