അഹമ്മദാബാദ്: ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ചതോടെ പണത്തായി ബാങ്കുകൾക്ക് മുന്നിലെ ക്യൂവിൽ പ്രധാനമന്ത്രിയുടെ അമ്മയും. 95 വയസുള്ള ഹിര ബെൻ ഗാന്ധിനഗറിലെ ബാങ്കിലെത്തി വരി നിന്നാണ് നാലായിരത്തി അഞ്ഞൂറ് രൂപയുമായി മടങ്ങിയത്. രാവിലെ കുടുംബാംഗങ്ങളുടെ ഒപ്പം പ്രധാനമന്ത്രിയുടെ അമ്മ ഗാന്ധിനഗറിലെ ബാങ്കിലെത്തി. വീൽചെയറിലാണ് 95 വയസ് പ്രായമായ ഹിരാബെൻ വന്നത്.

ആവശ്യമായ രേഖകൾ പൂരിപ്പിച്ച് വരിനിന്ന് അവർ 500 രൂപയുടെ പഴയനോട്ടുകൾ മാറ്റിവാങ്ങി. 4500 രൂപയാണ് മോദിയുടെ അമ്മ ബാങ്കിൽ നിന്നും മാറ്റിയെടുത്തത്. തനിക്ക് കിട്ടിയ പുതിയ 2000ത്തിന്റെ നോട്ട് അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. അതേസമയം അമ്മയെ പ്രധാനമന്ത്രി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്ന വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.

നോട്ട് പ്രതിസന്ധി രാജ്യത്തുള്ള എല്ലാവരെയും സമൻമാരാക്കിയെന്നാണ് മോദിയുടെ നിലപാട്. ജനങ്ങളുടെ ദുരിതം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും 50 ദിവത്തിനകം പ്രശ്നം പരിഹരിക്കുമെന്നുമാണ് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയിരിക്കുന്ന ഉറപ്പ്.