ജാര്‍ഖണ്ഡിലെ രാംഗറില്‍ ബീഫ് കടത്തിയെന്നാരോപിച്ച് 55 വയസുകാരനെ നൂറിലധികം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു. ഹസാരിബാഗ് സ്വദേശിയായ മുഹമ്മദ് അലിമുദ്ദീനാണ് കൊലപ്പെട്ടത്. ഇയാളുടെ വാഹനവും അക്രമികള്‍ കത്തിച്ചു.
പശു സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ അക്രമിക്കുന്നതിനും കൊല്ലുന്നതിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയ അതേ ദിവസം തന്നെയാണ് ബീഫ് കടത്തിയതിന്റെ പേരില്‍ രാജ്യത്ത് ഒരാള്‍ കൂടി കൊല്ലപ്പെടുന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള വാനിലായിരുന്നു മുഹമ്മദ് അലിമുദ്ദീന്‍ സഞ്ചരിച്ചിരുന്നത്. നാല് ചാക്കുകളിലായി 200 കിലോയോളം മാംസം ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് നൂറോളം പേര്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഇയാളെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം മര്‍ദ്ദിച്ച് കൊന്നത്. വാഹനത്തിന് തീയിടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് അലിമുദ്ദീനെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
