തിയേറ്റർ പീഡനക്കേസില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

മലപ്പുറം: എടപ്പാളിലെ തിയേറ്റർ പീഡന കേസില്‍ വീഴ്ച്ച വരുത്തിയത് ചങ്ങരം കുളം എസ്.ഐ മാത്രമെന്ന് മലപ്പുറം എസ്.പി. ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ ചങ്ങരംകുളം മുന്‍ എസ്.ഐ കെ.ജി ബേബിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു.

കഴിഞ്ഞമാസം പതിനെട്ടാംതീയ്യതിയുണ്ടായ സംഭവം 26 ന് ദൃശ്യങ്ങളടക്കം ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുക്കാതിരുന്നതിലാണ് ചങ്ങരംകുളം എസ്.ഐ ആയിരുന്ന കെ.ജി.ബേബിക്കെതിരെ മലപ്പുറം എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ ഗുരുതരമായ കൃത്യവിലോപമാണ് എസ്.ഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് എസ്.പി ദേബേഷ്കുമാര്‍ ബഹ്റ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മേലുദ്യോഗസ്ഥരെ എസ്.ഐ കേസ് സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ മറ്റൊരു പൊലീസുദ്യോഗസ്ഥനും ഇക്കാര്യത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. 

ഇതിനിടെ ചങ്ങരംകുളം എസ്.ഐ ആയിരുന്ന കെ.ജി.ബേബിക്കെതിരെ പോക്സോ നിയമം കൂടി ഉള്‍പെടുത്തി കേസെടുത്തു. പോക്സോ നിയമത്തിലെ 19, 21 എന്നീ വകുപ്പുകളും IPC 166 വകുപ്പും പ്രകാരമാണ് കേസെടുത്തത്. എസ്.ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് നേരത്തെ തന്നെ ഡി.ജി.പി വ്യക്തമാക്കിയിരുന്നു.