വിചാരണക്കിടയില്‍ പ്രതികളെ കണ്ട് കുട്ടികള്‍ പേടിക്കുന്നതായി പരാതി ഉയ‍ര്‍ന്നിരുന്നു.

കൊച്ചി:കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ വിചാരണ ചെയ്യാനുള്ള കൊച്ചിയിലെ പോക്സോ കോടതി ഇനി കെട്ടിലും മട്ടിലും ബാലസൗഹൃദം. സംസ്ഥാനത്ത് ആദ്യമായാണ് കുട്ടികള്‍ക്ക് പേടിക്കാതെ മൊഴി നല്‍കാന്‍ പ്രത്യേക സൗകര്യങ്ങളുള്ള കോടതി മുറി ഒരുക്കുന്നത്. വിചാരണക്കിടയില്‍ പ്രതികളെ കണ്ട് കുട്ടികള്‍ പേടിക്കുന്നതായി പരാതി ഉയ‍ര്‍ന്നിരുന്നു.

ഈ കോടതി മുറിയിലേക്ക് അധികം കുട്ടികള്‍ക്കൊന്നും മൊഴി നല്‍കാന്‍ എത്തേണ്ടി വരല്ലേയെന്ന് ആഗ്രഹിക്കാം.പക്ഷേ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ പേറി സാക്ഷി പറയാന്‍ എത്തുന്ന കുരുന്നുകളെ ഇത് വരെയും ഇവിടെ കാത്തിരുന്നത് അത്ര സുഖകരമായ ചുറ്റുപാടല്ല. എന്നാല്‍ ഇനി അങ്ങനെയാകില്ല.

വര്‍ണ്ണചുമരുകള്‍, കളിപ്പാട്ടങ്ങള്‍,വായിക്കാന്‍ പുസ്തകങ്ങള്‍ ചിത്രം വരക്കാനും ചായക്കൂട്ടുകളും തയ്യാര്‍. അതിക്രമം നേരിട്ടവരും, കേസുകളിള്‍ സാക്ഷികളാകുന്നവരുമായ കുട്ടികള്‍ക്ക് ഇനി പിരിമുറുക്കമില്ലാതെ കോടതി നടപടികളുടെ ഭാഗമാകാം.കൊച്ചിയിലെ സന്നദ്ധ സംഘടനാ പ്രവർത്തകയായ ക്രിസ്റ്റേല്ല‍ ഹാര്‍ത് സിങാണ് ഈ ആശയം മുന്നോട്ട് വെച്ചത്.

കോടതിയുടെ അനുവാദം വാങ്ങിയാണ് വിചാരണ മുറിയുടെ തൊട്ടടുത്ത് കുട്ടികള്‍ക്കായി ഇടം ഒരുക്കിയത്.മൂന്ന് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെയെത്തുക. പ്രതികളല്ലെങ്കിൽ അച്ഛനെയും അമ്മയെയും കുട്ടികള്‍ക്കൊപ്പം ഇവിടെ പ്രവേശിപ്പിക്കും.കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോ,അഭിഭാഷകനോ ഇവിടെ പ്രവേശനമില്ല.