ജില്ലയിലെ മുതിർന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എംഎൻ പാലൂർ അന്തരിച്ചു.  

കോഴിക്കോട്: കവി എംഎന്‍ പാലൂര്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആ കാവ്യ ജീവിതത്തെ തേടിയെത്തിയിട്ടുണ്ട്. 

പുലര്‍ച്ചെ അഞ്ചരയോടെ കോവൂര്‍ പെരളം കാവിലെ വീട്ടിലായിരുന്നു മാധവന്‍ നമ്പൂതിരി പാലൂരിന്‍റെ അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മലയാള കവിതാ ശാഖയില്‍ ആധുനികതയുടെ പ്രചാരകരിലൊരാളായ പാലൂരിന്‍റെ വരികള്‍ 1962 ഓടെയാണ് അച്ചടിമഷി പുരണ്ടത്. 

പേടിത്തൊണ്ടന്‍ ആദ്യ കവിതാസമാഹാരം. കലികാലം, തീര്‍ഥയാത്ര, തുടങ്ങി നിരവധി കൃതികള്‍. കലികാലത്തിന് 1983ല്‍ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കഥയില്ലാത്തവന്‍റെ കഥയെന്ന അദ്ദേഹത്തിന്‍റെ ആത്മകഥയെ തേടി 2013ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമെത്തി. 2009ലെ ആശാന്‍ സാഹിത്യപുരസ്കാരവും പാലൂരിനായിരുന്നു. 

1932 ല്‍ എറണാകുളം പരവൂര്‍ പാലൂരു മനക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായി ജനിച്ച പാലൂരിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സംസ്കൃത ഭാഷയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം കഥകളിയും അഭ്യസിച്ചു. 

1959 ല്‍ മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായി. 1990ല്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിംഗ് ഡിവിഷനില്‍ സീനിയര്‍ ഓപ്പറേറ്ററായി വിരമിച്ചു. വിശ്രമ ജീവിത്തില്‍ കോഴിക്കോട്ടെ സാഹിത്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ശാന്തകുമാരിയാണ് ഭാര്യ, സാവിത്രി മകളാണ്.