ഇടുക്കി : തൂക്കുപാലം ചന്തയിലെ ഉപയോഗമില്ലാതെ കിടന്ന ബയോഗ്യാസ് പ്ലാന്‍റില്‍ വിഷവാതക ചോര്‍ച്ച. പ്ലാന്‍റില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് അധികൃതരെ പ്രേദശവാസികള്‍ വിവരം അറിയച്ചു. കരുണാപുരം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവദാസ്, പാമ്പാടുപാറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ എന്നിവരുടെ പരിശോധനയില്‍ വിഷവാതകമാണ് ചോര്‍ന്നതെന്ന് സ്ഥിതീകരിച്ചു.

മാസങ്ങളായി ബയോഗ്യാസ് പ്ലാന്‍റില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. അതുകൊണ്ട്തന്നെ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ജൈവ അജൈവ മാലിന്യങ്ങള്‍ പ്ലാന്‍റില്‍ തള്ളിയിരുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. പ്ലാന്‍റിലെ വേയ്സ്റ്റ് പുറം തള്ളുന്ന സ്ഥലത്തുകൂടി മാലിന്യം അനിയന്ത്രിതമായി നിക്ഷേപിച്ചതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ജൈവ-അജൈവ മാലിന്യങ്ങള്‍ സംയുക്തമായി നിക്ഷേപിച്ചതുകൊണ്ടാണ് വിഷവാതകം ഉണ്ടാകാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഇവിടുത്തെ അംഗനവാടി അടക്കമുള്ള 10 ഓളം സ്ഥാപനങ്ങളില്‍ ബയോഗ്യാസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബയോഗ്യാസ് പ്ലാന്‍റ് തൂക്കുപാലം ചന്തക്കുള്ളില്‍ സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ 10 മാസമായി പ്ലാന്‍റില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. അവധി ദിവസമായ ഞായറാഴ്ച വിഷവാതക ചോര്‍ച്ച ഉണ്ടായത് വന്‍ ദുരന്തം ഒഴിവാക്കി. പ്ലാന്‍റിന് സമീപം 15 ഓളം കുട്ടികള്‍ വരുന്ന അംഗവവാടിയാണ്.

ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചന്തക്കുള്ളില്‍ ശേഖരിച്ചിരുന്ന മാലിന്യം മണ്ണിട്ട് മൂടി. പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ ബയോഗ്യാസ് പ്ലാന്‍റും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തൂക്കുപാലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.