അതിർത്തി കടന്നെത്തുന്ന ശര്‍ക്കരയിൽ അർബുദത്തിന് വരെ കാരണമാകുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം. നിറംകിട്ടാനും കേട് വരാതിരിക്കാനും ചേർക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
കോഴിക്കോട്: സംസ്ഥാനത്ത് വില്‍ക്കുന്നത് മായം കലര്‍ന്ന ശര്‍ക്കര. തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവിലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
നിറം കലര്‍ത്തിയ ശര്‍ക്കര വ്യാപകമായി സംസ്ഥാനത്തേക്ക് എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് മായം കലര്‍ത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ മൂന്ന് കടകളില്‍ നിന്ന് വാങ്ങിയ ശര്‍ക്കര സാമ്പിളുകള്‍ പാലില്‍ കലക്കിയപ്പോള്‍ നിറവ്യത്യാസം പ്രകടമായി.
തുടര്‍ന്ന്, വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ മലാപ്പറമ്പിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ എത്തിച്ചു. ശര്‍ക്കലയുടെ പരിശോധനഫലം ഞെട്ടിക്കുന്നതായിരുന്നു. സാമ്പിളുകളില്‍ മായം കലര്‍ന്നിരിക്കുന്നു. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബി എന്ന ഡൈയാണ് ശര്‍ക്കര സാമ്പിളുകളില്‍ ചേര്‍ത്തിരിക്കുന്നത്. വെളളത്തില്‍ കലര്‍ത്തിയാല്‍ പിങ്ക് നിറമാകും. ഒരു കാരണവശാലും ശരീരത്തില്‍ എത്താന്‍ പാടില്ലാത്ത ഒന്നാണിത്.
തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര കൊണ്ടുവരുന്നത്. നിര്‍മ്മാണ വേളകളിലൊന്നും പരിശോധനകള്‍ നടക്കാറില്ല. ഭക്ഷ്യസാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കേണ്ടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗം അനങ്ങുന്നതേയില്ല. പരാതികള്‍ കിട്ടാത്തതിനാല്‍ നടപടിയെടുക്കുന്നില്ലെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രതികരണം.
ചെറിയ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന കുറുക്ക് മുതല്‍ കടലമിഠായിയും എള്ളുണ്ടയും അടക്കമുള്ള നിരവധി ബേക്കറി ഉത്പന്നങ്ങളില്‍ വരെ ശര്‍ക്കര ഉപയോഗിക്കുന്നുണ്ട്. സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളിയാവുകയാണ്.
വീഡിയോ റിപ്പോര്‍ട്ട് കാണാം:

