മുംബൈ: നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബദുള്ളയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബോളിവുഡ് നടന്‍ റിഷി കപൂര്‍. പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്റേതാണെന്നും അതിന് വേണ്ടി എത്ര യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ഫറൂഖ് അബ്ദുള്ള പറഞ്ഞത്. ഈ വിഷയം സംസാരിച്ച് തീര്‍ത്താല്‍ മാത്രമേ പരിഹാരമാകൂവെന്നും ജമ്മു കശ്മീരില്‍ സമാധാനമുണ്ടാകൂവെന്നും ഫറൂഖ് അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.
പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്റേതാണെന്നും എന്നാല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തു. ആ സത്യം അംഗീകരിക്കുന്നുവെന്നും ഫറൂഖ് അബ്ദുള്ളക്ക് സലാം എന്നും കുറിച്ചാണ് ഋഷി കപൂറിന്റെ ട്വീറ്റ് തുടങ്ങുന്നത്. ഇങ്ങനെ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുവെന്നും ഋഷി കപൂര്‍ പറയുന്നു. തനിക്ക് 65 വയസായെന്നും മരിക്കുന്നതിന് മുന്‍പ് പാകിസ്ഥാന്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം വിശദമാക്കി.
തന്റെ വേരുകള്‍ തന്റെ മക്കള്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തു. തമ്മിലടി അവസാനിപ്പിക്കാന്‍ സമയമായില്ലേയെന്നും ഋഷി കപൂര്‍ ചോദിക്കുന്നു. പാകിസ്ഥാനിലെ പെഷവാറിലാണ് ഋഷി കപൂറിന്റെ കുടുംബവേരുകളുള്ളത്. ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്നാണ് ഋഷി കപൂറിന്റെ കുടുംബം ഇന്ത്യയിലെത്തുന്നത്.
