ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കൊലപ്പെടുത്തി കൊലപ്പെട്ടുത്തിയത് പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചു പ്രതി ബാലമുരുകന്‍ അറസ്റ്റില്‍

ചെന്നൈ: പത്തനംതിട്ട റാന്നിയില്‍ നിന്നും കാണാതായ ജസ്നയുടെതെന്ന് കരുതിയ മൃതദേഹം തിരുച്ചിറപ്പള്ളി സ്വദേശിനി പൊക്കിഷ മേരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പൊക്കിഷ മേരിയെ ലൈംഗിക ബന്ധത്തിലേര്‍പ്പട്ടതിന് ശേഷം പൂര്‍വ്വകാമുകന്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് കളയുകയായിരുന്നുവെന്ന് പൊലീസ്. 

സംഭവത്തില്‍ പൊക്കിഷയുടെ കാമുകന്‍ എംജിആര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. പൊക്കിഷയും ബാലമുരുകനും തമ്മിലുണ്ടായ കലഹത്തെതുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ബാലമുരുകന്‍റെ വീട്ടില്‍ വച്ച് ഇരുവരും ലൈംഗക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മേരി ശല്യം ചെയ്തപ്പോള്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസീനോട് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെയാണ്- 'സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരനായ ബാലമുരുകന്‍ എട്ടു വര്‍ഷമായി മേരിയുമായി അടുപ്പത്തിലാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ ഒരു കുട്ടിയും ഉണ്ട്. എന്നാല്‍ ഈ സമയത്തും ബാലമുരുകനും പൊക്കിഷയും ബന്ധം തുടര്‍ന്നു. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് മേരി നിരന്തരം ആവശ്യപ്പെട്ടു.

നിരന്തരം ആവശ്യം ഉയര്‍ന്നപ്പോള്‍ ബാലമുരുകന്‍ മേരിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം പൊക്കീഷ മേരി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. ഇതോടെ ബാലമുരുകന്‍ കയ്യില്‍ തടഞ്ഞ പ്രഷര്‍കുക്കര്‍ കൊണ്ട് മേരിയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ മേരി അവിടെ വെച്ചു തന്നെ മരണമടയുകയും ബാലമുരുകന്‍ മൃതദേഹം ഒരു ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു'. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ - തിരുച്ചിറപ്പള്ളി ദേശീയപാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പല്ലില്‍ കമ്പിയിട്ടിരുന്നതിനാല്‍ റാന്നിയില്‍ നിന്നും കാണാതായ ജസ്നയാണെന്ന് ആദ്യം കരുതി. ഇതിനെതുടര്‍ന്ന് കേരളാപൊലീസ് മൃതദേഹം പരിശോധിക്കാന്‍ എത്തിയിരുന്നു. പക്ഷേ മൃതദേഹം ജസ്‌നയുടേതല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുകയായിരുന്നു. ഈ സമയത്താണ് പൊക്കിഷ മേരിയെ കാണാനില്ലെന്ന പരാതിയുമായി അവരുടെ വീട്ടുകാര്‍ രംഗത്ത് വന്നത്.