തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. 

പ്രതികളായവർ ജോലി ചെയ്യുന്ന ഓഫീസ് മേധാവികൾക്കാണ് പൊലീസ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നൽകും. 

അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടർ, ലാന്‍റ്ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളടക്കം കേസിലെ പ്രതിയാണ്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.