കസ്റ്റഡിയിലെടുത്ത പ്രതികളെ കുറിച്ച് അന്വേഷിക്കാനെത്തിയ മാവേലിക്കര മുന്‍ നഗരസഭാ കൗണ്‍സിലര്‍ വിനു വര്‍ഗീസിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. അതേസമയം
കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്ന് മാവേലിക്കര എസ് ഐ പ്രതികരിച്ചു.

മൂന്ന് തവണ മാവേലിക്കര നനഗരസഭയില്‍ കൗണ്‍സിലറായിരുന്ന വിനു വര്‍ഗീസ്, വാര്‍ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങള്‍ തിരക്കിയപ്പോള്‍ അകാരണമായി എസ് ഐ മര്‍ദ്ദിച്ചെന്നാണ് വിനു വര്‍ഗീസിന്റെ പരാതി. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

സ്റ്റേഷന് മുന്നില്‍ നിന്നുതന്നെ വിനു വ‍ര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിയ വിനു വര്‍ഗീസ് പൊലീസുകാരോട് തട്ടി കയറിയെന്നും പാറാവിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്നുമാണ് പൊലീസ് ഭാഷ്യം. മുന്‍പ് അഡിഷണല്‍ എസ് ഐയെ കയ്യേറ്റം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് വിനുവര്‍ഗീസിനെതിരെ കേസെടുത്തിട്ടുണ്ടെന്നും മാവേലിക്കര എസ് ഐ അജീബ് അറിയിച്ചു.