എറണാകുളത്തെ നടുക്കിയ കവർച്ചാപരമ്പരയിലെ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്. പൂനെ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിനാണ് സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചത്. പ്രതികളിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എറണാകുളം നഗരത്തെ നടുക്കിയ തുടര്‍ മോഷണ പരമ്പരയിലെ പ്രതികള്‍ക്കായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതികളെത്തേടി രണ്ട് സംഘങ്ങളാണ് ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുള്ളത്. സെന്‍ട്രല്‍ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം മുബൈയ്‍ക്കാണ് പുറപ്പെട്ടത്. മറ്റൊരു സംഘം ട്രെയിന്‍ മാര്‍ഗമാണ് യാത്ര തിരിച്ചത്. പ്രതികള്‍ വലയിലാവുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കൊച്ചിയിലേതിന് സമാനമായി കേരളത്തിൽ മുൻപ് കവർച്ച നടത്തിയ സംഘങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് അന്വേഷണസംഘത്തിന്റെ യാത്ര. തിരുവനന്തപുരത്തടക്കം നേരത്തെ കവർച്ച നടത്തിയത് പൂനെയിൽ നിന്നുള്ള സംഘമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ചുള്ള കൃത്യമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല. മുംബൈയിൽ നേരിട്ടെത്തി നടത്തുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്തും പൊലീസ് വിശദ പരിശോധന നടത്തുന്നുണ്ട്. കവര്‍ച്ചാ സംഘത്തിന് പ്രാദേശികമായി പിന്തുണ ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
