കൊല്ലം: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിക്കാൻ ഇടയായ സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ പൊലീസ്. ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് കൊല്ലം ക്രൈബ്രാഞ്ച് എസിപി എ അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച മുരുകൻ മരിക്കുന്നത്. രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ആരോഗ്യവകുപ്പ് സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നാല് തവണ കത്ത് നല്‍കി. പക്ഷേ ഫലമുണ്ടായില്ല.
ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടിലെ സാങ്കേതിക വശങ്ങളും തങ്ങളുടെ കണ്ടെത്തലുകളും ഒത്തുനോക്കാനാണ് പൊലീസ് ഇത് ആവശ്യപ്പെടുന്നത്. ഉന്നത സമ്മര്‍ദ്ദം മൂലമാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് കൈമാറാത്തതെന്നാണ് ആക്ഷേപം. ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തന്നാലും ഇല്ലെങ്കിലും തങ്ങള്‍ ഉടൻ അന്വേഷണം അവസാനിപ്പിച്ച് കോടതിക്ക് കണ്ടെത്തലുകള്‍ കൈമാറുമെന്ന് എസിപി വ്യക്തമാക്കി.
