ടൗണിലുള്ള കടകളില്‍ പരിശോധന നടത്തി അനധികൃതമായി പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴിപ്പിച്ചു  

ഇടുക്കി. വഴിയോര വാണിഭങ്ങള്‍ വീണ്ടും പൊട്ടിമുളയ്ക്കാന്‍ ആരംഭിച്ചതോടെ നടപടിയ്‌ക്കൊരുങ്ങി മൂന്നാര്‍ പൊലീസ്. മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാര്‍ ടൗണിലുള്ള കടകളില്‍ പരിശോധന നടത്തി മുന്നറിയിപ്പ് നല്‍കി. രണ്ടു മാസങ്ങള്‍ക്കു മുമ്പ് മൂന്നാര്‍ പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വഴിയോര വാണിഭക്കാരെ ഒഴിപ്പിച്ചതിനു ശേഷം വീണ്ടും ഒരിടവേള കഴിഞ്ഞ് കടകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. 

മൂന്നാര്‍ ടൗണില്‍ അനധികൃതമായി പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളെ ഒഴിപ്പിച്ചു. മൂന്നാര്‍ ജി.എച്ച്. റോഡിനു സമീപം മുതല്‍ കെ.ഡി.എച്ച്.പി ഓഫീസ് വരെയുള്ള സ്ഥലത്തുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കുമാണ് പോലീസ് മുന്നറിയിപ്പി നല്‍കിയത്. റോഡ് കൈയ്യേറി പ്രദര്‍ശിപ്പിച്ചിരുക്കുന്ന വില്‍പ്പന വസ്തുക്കള്‍ അകറ്റാനും നിര്‍ദ്ദേഷം നല്‍കിയിട്ടുണ്ട്. മൂന്നാര്‍ ടൗണിനു സമീപമുള്ള കെ.ഡി.എച്ച്.പി റീജണല്‍ ഓഫീസിനു സമീപം അടച്ചിട്ട നിലയിലുള്ള പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

കുറിഞ്ഞി സീസണെത്തിയാല്‍ മൂന്നാറിലെത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുവാനും പാര്‍ക്കു ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പൊലീസ് പ്രാമുഖ്യം നല്‍കുകയും അതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒഴിപ്പിച്ച വഴിയോര വാണിഭക്കാരില്‍ അനര്‍ഹരായവര്‍ വീണ്ടും കടകളുമായെത്തുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.