ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്

പത്തനംതിട്ട: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങി. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്.

നേരത്തെ, എട്ട് മണി മുതല്‍ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കയറ്റിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് അത് അനുവദിച്ചിരുന്നില്ല. ഇന്നലെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ നടപടി മാത്രമാണ് നടക്കുന്നതെന്നുമായിരുന്നു ഇരുവരും വിശദമാക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് പമ്പയിലേക്ക് മാധ്യമങ്ങളെ പോവാന്‍ അനുവദിച്ചത്. എന്നാല്‍ ത്രിവേണി പാലം മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു.

അതേസമയം സന്നിധാനത്തും പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും. കൂടാതെ, 50 വയസ് കഴിഞ്ഞ 15 വനിത പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്.