കായംകുളം: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ പക തീര്‍ക്കാന്‍ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കായംകുളം കൊച്ചിയുടെ ജെട്ടി പൂവന്‍ചിറ പുത്തന്‍വീട്ടില്‍ കണ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 27 വയസാണ്. ഇയാളുടെ കാമുകിയായിരുന്ന 20കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പരാതിക്കാരിയും കണ്ണനും ഏതാനും നാളായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലത്തും കൊണ്ടു പോയി ലൈംഗികമായി ബന്ധപ്പെട്ടു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. എന്നാല്‍ നാല് മാസം മുന്‍പ് വീണ്ടും പ്രണയത്തിലായി. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതി വഴങ്ങിയില്ല. തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിച്ചപ്പോള്‍ കണ്ണന്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. തന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് യുവതി അറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചിലര്‍ യുവതിയെ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ണന്‍റെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.