അഞ്ചു ദിവസം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. രാത്രി രണ്ട് മണിയോടെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തെത്തിയ ആളാണ് പീഡിപ്പിച്ചതെന്നും ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞു. മക്കളില്ലാത്ത യുവതി ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം അടുത്തുള്ള ബന്ധുക്കളെ അറിയിച്ചെങ്കിലും സംഭവം മൂടിവയ്ക്കാനായിരുന്നു അവരുടെ ശ്രമം. അമ്മയ്ക്ക് വേണ്ട ചികിത്സയും നല്‍കിയില്ല. ഇപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ട്. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുവകകള്‍ അടുത്ത ബന്ധു തന്നെ തട്ടിയെടുത്തതായും അമ്മ ഞങ്ങളോട് പറഞ്ഞു.
സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞത് ദൈവത്തോട് പ്രര്‍ത്ഥിക്കാനായിരുന്നെന്ന് അമ്മ പറഞ്ഞു. ശിക്ഷ ദൈവം നല്‍കിക്കോളുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം എസ്പിയോട് സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.