കൊച്ചി: 2011ൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ ഡ്രൈവർ പിടിയിൽ. നടിയെ തട്ടിക്കൊണ്ടുപോയ ട്രാവലര്‍ ഓടിച്ച കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ് പിടിയിലായത്. പള്‍സര്‍ സുനിയുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരെ സംഭവത്തില്‍ നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. 

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് 2011ലെ സംഭവത്തെ സംബന്ധിച്ച കേസെടുത്തിരിക്കുന്നത്. ഇന്നലെത്തന്നെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തേക്ക് ഷൂട്ടിങിന് വന്നപ്പോള്‍ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ സുനില്‍ കുമാറാണെന്നും ഇയാളുടെ സംഘത്തിലുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള രണ്ട് പേരെയാണ് സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനായി സുനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ശ്രമിക്കുന്നത്. ഇതിനായി ഇന്ന് കോടിതിയില്‍ അപേക്ഷ നല്‍കും.