വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നിരോധിത നോട്ടുകള്‍ മാറി നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ കണ്ണൂരില്‍ പൊലീസ് പിടികൂടി. 
20 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ നാലംഗ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു

തലശ്ശേരി സ്വദേശികളായ റസാഖ്, തയൂബ്, ഫൈസല്‍, അജേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. കണ്ണൂര്‍ ഡി.വൈ.എസ്‌.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ സി.ഐ കെ.വി. പ്രമോദും സംഘവും ദിവസങ്ങളായി സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ വൈകീട്ട് എടക്കാട് മുതല്‍ കതിരൂര്‍ വരെ വേഷം മാറിയ പൊലീസ് സംഘം രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ച പ്രതികളെ പിന്തുടര്‍ന്നു. പ്രതികളിലൊരാളായ തയൂബിന്റെ കതിരൂരിലെ വീട്ടില്‍ വച്ച് പഴയ നോട്ടുകള്‍ സംഘം കൈമാറുമെന്ന് മനസ്സിലാക്കി പൊലീസ് സംഘം വീട് വളഞ്ഞു. നാലു പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മറ്റുള്ളവര്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. രക്ഷപ്പെട്ടവരുടെ പക്കല്‍ ഒരു കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. രക്ഷപ്പെട്ടവരും സംഘത്തിലെ മറ്റുള്ളവരും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.