അടിയന്തര യോ​ഗം വിളിച്ചു കൂട്ടണം എന്നാവശ്യപ്പെട്ട്എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഐപിഎസ് ഉദ്യോ​ഗസ്ഥർ ഒപ്പിട്ട കത്ത് അസോസിയേഷന്  സെക്രട്ടറിക്ക് കൊടുത്തിരുന്നു.

തിരുവനന്തപുരം: ചേരിപ്പോര് രൂക്ഷമായ ഐപിഎസ് അസോസിയേഷന്റെ യോ​ഗം തിങ്കളാഴ്ച്ച ചേരും. പൊലീസ് ആസ്ഥാനത്ത് വൈകുന്നേരം 5.30-നാണ് യോ​ഗം ചേരുന്നത്. ഇൗ മാസം ആറിന് ചേരാൻ നിശ്ചയിച്ചിരുന്ന യോ​ഗം ഭൂരിഭാ​ഗം പേരുടേയും എതിർപ്പിനെ തുടർന്ന് മാറ്റിയിരുന്നു. 

എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ തുടർന്ന് ദാസ്യപ്പണി ചർച്ച ചെയ്യാൻ അടിയന്തര യോ​ഗം വിളിച്ചു കൂട്ടണം എന്നാവശ്യപ്പെട്ട്എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ഐപിഎസ് ഉദ്യോ​ഗസ്ഥർ അസോസിയേഷൻ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന് കത്ത് നൽകിയിരുന്നു. 

അസോസിയേഷൻ ബൈലോ ഉണ്ടാക്കി ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്യണമെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയടക്കം 41 ഐപിഎസ് ഉദ്യോ​ഗസ്ഥർ ഒപ്പിട്ട കത്താണ് സെക്രട്ടറിക്ക് നൽകിയത്.