പൊലീസ് മർദ്ദനം ഭയന്ന് കാട്ടിൽ ഒളിച്ച് താമസം ആരോപണം നിഷേധിച്ച് പൊലീസ്
കൊച്ചി: എറണാകുളം കോതമംഗലത്ത് ആദിവാസിക്കെതിരെ പൊലീസ് അതിക്രമമെന്ന് ആരോപണം. പൊലീസ് മർദ്ദനം ഭയന്ന് ഒരു കുട്ടംമ്പുഴ സ്വദേശി കൃഷ്ണൻ കാട്ടിൽ ഒളിച്ച് കഴിഞ്ഞത് ഒരു മാസം. ഒടുവിൽ ഭാര്യയുടെ പരാതിയിൽ ലീഗൽ സർവീസ് അതോറിറ്റി അധികൃതരാണ് കൃഷ്ണനെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എന്നാല്‍ പൊലീസ് ആരോപണം നിഷേധിച്ചു.
രണ്ട് മാസങ്ങൾക്ക് മുമ്പ് അയൽക്കാരനുമായി നടന്ന അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വഴിതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിലാണ് കലാശിച്ചത്. തൊട്ടടുത്ത ദിവസം അയൽക്കാരന്‍റെ പൊലീസുകാരനായ മകൻ കുട്ടമ്പുഴ പൊലീസുമായി കൃഷ്ണന്‍റെ വീട്ടിലെത്തി. കൃഷ്ണനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
തുടർന്ന് അടിപിടി കേസിൽ സമൻസ് കിട്ടിയപ്പോൾ ജയിലിലേക്ക് പോകേണ്ടി വരുമെന്ന് ചിലർ കൃഷ്ണനെ പേടിപ്പിച്ചു. പൊലീസ് മര്‍ദ്ദനം ഭയന്ന് ഇയാൾ കാട്ടിൽ പോയി ഒളിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസമായി കാടിലെ പാറയിടുക്കിൽ കഴിയുകയായിരുന്നു കൃഷ്ണൻ. ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ അവശ നിലയിലാരുന്നു ഇയാൾ. പൊലീസിന്‍റെ കൈയ്യിൽ പെട്ടാൽ ഇനിയും മർദ്ദനം ഏൽക്കേണ്ടി വരുമെന്ന ഭയം കാരണമാണ് താൻ കാട്ടിലൊളിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആശുപത്രിയിൽ കൃഷ്ണനെ സന്ദർശിച്ച ശേഷം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് ആവശ്യപ്പെട്ടു.
