കുറ്റ്യാടി: കാഴ്‌ച കുറഞ്ഞ വിദ്യാർഥിക്കെതിരെ കുറ്റ്യാടിയിൽ പൊലീസ് അതിക്രമം. മഠത്തിൽ നിയാസിനെയാണ് (24) കുറ്റ്യാടി ഗ്രെയഡ് എസ്ഐ രാം കുമാർ മർദിച്ചത്. കാലിനും നെഞ്ചിനും പരുക്കേറ്റ നിയാസിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച വൈകിട്ട് വയനാട് റോഡിൽ വാഹനം ഉരഞ്ഞതിന്‍റെ പേരിൽ രണ്ടു പേർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടയിൽ പളളിയിലേക്ക് പോവുകയായിരുന്നു നിയാസ്. ഈ സമയം ഇതുവഴി വന്ന നിയാസിനെ എസ്ഐ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി മർദിക്കുകയായിരുന്നു.
തനിക്ക് കാഴ്ച കുറവാണെന്നും തല്ലരുതെന്നും പറഞ്ഞിട്ടും എസ്ഐ വിട്ടില്ലെന്ന് പരുക്കേറ്റ നിയാസ് പറഞ്ഞു. മടപ്പള്ളി ഗവ. കോളേജിൽ എംഎ രണ്ടാം വർഷ വിദ്യാർഥിയാണ് നിയാസ്.
