പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ച എഎസ്ഐക്കെതിരെ നടപടിയെടുക്കണെന്ന പരാതിയുമായി പിതാവ്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സുരേഷ് ബാബുവാണ് മകനെ ക്രൂരമായി മര്‍ദ്ദിച്ച എഎസ്ഐക്കെതിരെ പരാതിയുമായി എസ്പിയെയും കളക്ടറെയും സമീപിച്ചത്. പരീക്ഷ എഴുതി പുറത്തുവന്ന മകനെ സ്കൂള്‍ പരിസരത്തുണ്ടായിരുന്ന എഎസ്ഐ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഇദ്ദേഹം പറയുന്നു.
മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിനാണ് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. എസ്എസ്എല്‍സി അവസാന പരീക്ഷ എഴുതി സ്കൂളിനു പുറത്തെത്തിയ വിഷ്ണുവിനെ പരിസരത്തുണ്ടായിരുന്ന മട്ടന്നൂര്‍ എഎസ്ഐ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വിഷ്ണുവിന്‍റെ തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റു.
സ്കൂളില്‍ കുട്ടികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ചെറിയ സംഘര്‍ഷം നടന്നതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഒരു തെറ്റും ചെയ്യാത്ത മകനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ആളു മാറി മര്‍ദ്ദിച്ചതാണെന്ന് പൊലീസ് സമ്മതിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം പരീക്ഷ കഴിഞ്ഞും റോഡില്‍ നിന്ന് ബഹളം വച്ച കുട്ടികളെ പിരിച്ചു വിടാന്‍ വടി വീശുക മാത്രമാണുണ്ടായതെന്നും കുട്ടികള്‍ ചിതറിയോടിയപ്പോള്‍ പരിക്കേറ്റതാവാമെന്നുമാണ് മട്ടന്നൂര്‍ പൊലീസ് നല്‍കുന്ന വീശദീകരണം.
